തിരുവനന്തപുരം: പുതിയതായി 2019 ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കി. ഇതില്‍ സ്കൂള്‍ ബസ്സുകളും ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതു പ്രകാരമാണ് വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
കേരളത്തിലെ എല്ലാസ്കൂള്‍ ബസ്സുകളിലും ഒക്ടോബര്‍ മുതല്‍ തന്നെ ജിപിഎസ് സംവിധാനം നിലവിലുണ്ട്. സ്കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നതും കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതും ഈ തീരുമാനമെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ പ്രേരിപ്പിച്ചു.
എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ജിപിഎസ് സംവിധാനം വരുന്നതോടുകൂടി ബസ്സുകളുടെ അമിത വേഗവും, ആളുകളെ കയറ്റുന്നതിനു മുന്‍പ് വാഹനം എടുക്കുന്നത് തടയാനുമൊക്കെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Leave a Reply
You must be logged in to post a comment.