സോഫ്റ്റ് ബാങ്കിന്റെ ഏഴു ലക്ഷം കോടി കൈകാര്യം ചെയ്യാൻ കിർത്തിഗ
ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിർത്തിഗ റെഡ്ഡി ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ് ബാങ്ക് എന്ന വ്യവസായ ഗ്രൂപ്പിൽ ചേർന്നു. ടെക്നോളജി കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം കോടി രൂപ) ‘വിഷൻ ഫണ്ട്’ കൈകാര്യം ചെയ്യാനാണ് കിർത്തിഗയെ സോഫ്റ്റ് ബാങ്ക് നിയമിച്ചിരിക്കുന്നത്.
സോഫ്റ്റ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സിന്റെ പാർട്ണർ എന്ന നിലയിലായിരിക്കും അവർ പ്രവർത്തിക്കുക.
47-കാരിയായ കിർത്തിഗ തമിഴ്നാട് സ്വദേശിയാണ്. 2010-ൽ ഫെയ്സ്ബുക്കിലെത്തിയ അവർ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു. 2016 വരെ ഫെയ്സ്ബുക്കിന്റെ ഇന്ത്യ എം.ഡി.യായി പ്രവർത്തിച്ച ശേഷം അമേരിക്കയിലേക്ക് പോയിരുന്നു. രണ്ടു വർഷം അവിടെയായിരുന്നു ജോലി. സ്റ്റാൻഫഡ് ബിസിനസ് സ്കൂളിന്റെ മാനേജ്മെന്റ് ബോർഡ് അധ്യക്ഷ കൂടിയാണ് കഴിഞ്ഞ നാലു വർഷമായി അവർ.
ആഗോള ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ, കോ-വർക്കിങ് രംഗത്തെ ആഗോള കമ്പനിയായ വീ വർക്ക് എന്നിവ ഉൾപ്പെടെ ഒട്ടേറെ സ്റ്റാർട്ട് അപ്പുകളിൽ സോഫ്റ്റ് ബാങ്കിന്റെ വിഷൻ ഫണ്ട് മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.
content highlight: SoftBank hires Facebook’s Kirthiga Reddy to manage $100 billion vision fund
Leave a Reply
You must be logged in to post a comment.