രാഷ്ട്രീയം കളിക്കാനുള്ളതല്ല ആർ.ബി.ഐ. ധനം
ഒരു രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ കൈവശമുള്ള കരുതൽധനം ആ രാജ്യത്തിന്റെ സമ്പദ്ഘടന പ്രതിസന്ധിയിൽ ആകുമ്പോൾ എടുത്ത് ഉപയോഗിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെയാണ് അതിനെ ‘കരുതൽധനം’ എന്നു പറയുന്നത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തു നിന്ന് ഉൗർജിത് പട്ടേലിന് രാജിവയ്ക്കേണ്ടിവന്നതും ഈ കരുതൽ ധനത്തിന്റെ പേരിലാണ്.
രാജ്യം പ്രതിസന്ധിയെ നേരിടുമ്പോഴാണ് കരുതൽധനം എടുക്കേണ്ടത്. അല്ലാതെ, തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കെ, രാഷ്ട്രീയം കളിക്കാൻ എടുത്ത് ഉപയോഗിക്കാനുള്ളതല്ല ആർ.ബി.ഐ.യുടെ ‘റിസർവ്’. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതെടുത്ത് ജനക്ഷേമ പദ്ധതികൾക്ക് ചെലവഴിക്കാൻ സർക്കാരിന് താത്പര്യമുണ്ടാകുക സ്വാഭാവികമാണ്. പക്ഷേ, അതിനെ ചെറുക്കേണ്ടത് റിസർവ് ബാങ്ക് എന്ന സ്വയംഭരണ സ്ഥാനത്തിന്റെ കർത്തവ്യമാണ്.
ആർ.ബി.ഐ. ഗവർണർ പദവിയിലേക്ക് പുതുതായി ഒരാളെത്തുമ്പോൾ അവരുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ സർക്കാരുകളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകും. കാരണം, ആ പദവിയിലോ കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങളിലോ മുൻപരിചയമില്ലാതെയാവും അദ്ദേഹം എത്തുന്നത്. അത് മുതലാക്കാൻ ശ്രമിച്ചതാണ് നോട്ട് നിരോധന സമയത്ത് ഇന്ത്യ കണ്ടത്. അതുപോലെ, പുതിയ ഗവർണർ ശക്തികാന്ത ദാസും സർക്കാരിന്റെ നിയന്ത്രണത്തിന് അടിമപ്പെട്ടാൽ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പോലും ദുർബലമാകും.
ആർ.ബി.ഐ.യുടെ കൈവശം ഇപ്പോൾ 9.79 ലക്ഷം കോടി രൂപയുടെ കരുതൽ ധനമാണ് ഉള്ളത്. ആർ.ബി.ഐ.യുടെ ആസ്തിയുടെ 28 ശതമാനം വരുമിത്. എന്നാൽ, ആഗോളതലത്തിൽ 14 ശതമാനമാണ് മാനദണ്ഡമെന്ന് കേന്ദ്രം പറയുന്നു. അതായത്, കരുതൽ ധനത്തിൽ നിന്ന് മൂന്നുലക്ഷം കോടി രൂപ എടുത്ത് സർക്കാരിന് നൽകണമെന്നാണ് വാദം. ഇതു നൽകാൻ നിന്നാൽ ആഗോള തലത്തിൽ ഇന്ത്യയുടെ റേറ്റിങ് താഴേക്ക് പോകും. മാത്രമല്ല, സമീപഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ എന്തെങ്കിലുമുണ്ടായാൽ എടുത്ത് ഉപയോഗിക്കാൻ ആവശ്യത്തിന് പണമുണ്ടാകില്ല.
യോഗ്യതയെന്ത്?
റിസർവ് ബാങ്കിന്റെ ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതു മുതൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള ചർച്ചകളാണ് എങ്ങും. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിലാണ് അദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. ചരിത്രം പഠിച്ചയാളിന് ആർ.ബി.ഐ. ഗവർണറാകാൻ പറ്റുമോ? ആർ.ബി.ഐ. ഗവർണറാകാൻ പ്രത്യേക യോഗ്യതകൾ എന്തെങ്കിലും വേണമെന്ന് ആർ.ബി.ഐ. ആക്ടിൽ സൂചിപ്പിച്ചിട്ടില്ല.
ആർ.ബി.ഐ. ഗവർണർമാരുടെ ചരിത്രം പരിശോധിച്ചാൽ ഇതുവരെയുള്ള 25 ഗവർണർമാരിൽ ആറുപേർ മാത്രമാണ് സാമ്പത്തിക ശാസ്ത്രജ്ഞർ എന്ന് കണ്ടെത്താൻ കഴിയും.
വാണിജ്യ ബാങ്കുകളുടെയും എൽ.ഐ.സി.യുടെയും വരെ ചെയർമാൻ പദവിയിൽ ഇരുന്നവർ ആർ.ബി.ഐ.യുടെ തലപ്പത്ത് എത്തിയിട്ടുണ്ട്. ആർ.ബി.ഐ.യുടെ ആദ്യ ഗവർണറായ ഓസ്‌ബോൺ സ്മിത്ത് ‘എസ്.ബി.ഐ.’യുടെ പഴയ രൂപമായ ‘ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ’യുടെ മേധാവിയായിരുന്നു. എസ്.ബി.ഐ.യുടെ ചെയർമാൻമാരായിരുന്ന ഒട്ടേറെപ്പേർ പിന്നീട് ആർ.ബി.ഐ. ഗവർണറായിട്ടുണ്ട്.
എങ്കിലും ആർ.ബി.ഐ.യുടെ ഗവർണർ പദവിയിലെത്തിയ ഭൂരിഭാഗം പേരും സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യ സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ ആയിരുന്ന ഒട്ടേറെ ഐ.എ.എസ്. ഉദ്യോഗസ്ഥർ ആർ.ബി.ഐ. ഗവർണർ പദവിയിലെത്തിയിട്ടുണ്ട്.
അത്തരത്തിൽ ഒരാളാണ് പുതിയ ഗവർണർ ശക്തികാന്ത ദാസ്. 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിൽ ഉദ്യോഗസ്ഥനായിരിക്കെയാണ്, നരേന്ദ്ര മോദി അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. അവിടെ, റവന്യൂ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയർമെന്റിന് ശേഷം പതിനഞ്ചാം ധനകാര്യ കമ്മിഷനിൽ അംഗമാക്കി. ഐ.എ.എസ്. നേടിയ ശേഷം ബാംഗ്ലൂർ ഐ.ഐ.എം., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, കൽക്കട്ട ഐ.ഐ.എം. എന്നിവിടങ്ങളിൽ നിന്ന് ബാങ്കിങ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിവയിൽ കോഴ്‌സുകൾ ചെയ്തിട്ടുണ്ട്.
പദവിയെലെത്തുന്നതോടെ ആർ.ബി.ഐ. ഗവർണറുടെ പദവിക്കനുസരിച്ച് ഉയർന്നവർ ഏറെപ്പേരുണ്ട്. അതിനാൽ, നോട്ട് നിരോധനത്തെയും ജി.എസ്.ടി.യെയും സാധൂകരിച്ചുവെന്ന ‘ചരിത്രം’ ആവർത്തിക്കപ്പെടണമെന്നില്ല.
സാമ്പത്തിക ശാസ്ത്രജ്ഞരായി എന്നു കരുതി എല്ലാവരും നല്ലനിലയിൽ ആർ.ബി.ഐ.യെ നയിച്ചിട്ടുണ്ടെന്ന് പറയാനുമാകില്ല. മൻമോഹൻ സിങ്ങിനും രംഗരാജനും ശേഷം വന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ ഒരു ഗവർണർ ഭരണകക്ഷിയുടെ താത്പര്യങ്ങൾ സംരക്ഷിച്ച ചരിത്രവുമുണ്ട്. അദ്ദേഹത്തിന് ആ പാർട്ടി പിന്നീട് രാജ്യസഭാ സീറ്റ് നൽകി.
roshan@mpp.co.in
content highlight:RBI and politics
Leave a Reply
You must be logged in to post a comment.