യുഎഇയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മലയാളിയായ കമ്പനി മാനേജര്‍ കസ്റ്റഡിയില്‍
യുഎഇ ∙ മലയാളി യുവാവ് റാസൽഖൈമയിൽ കുത്തേറ്റു മരിച്ച സംഭവത്തില്‍ മലയാളിയായ കമ്പനി മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍ . പുനലൂർ വിളക്കുവെട്ടം കല്ലാർ രജീഷ് ഭവനിൽ രഘുനാഥൻപിള്ളയുടെ മകൻ ആർ.ടി രജീഷി(34)നെ താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാനേജരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് .
ഇയാള്‍ കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിൽ വിളിച്ച്24 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് രജീഷിന്റെ റാസൽഖൈമയിലുള്ള സഹോദരൻ പോലീസിനെ അറിയിച്ചിരുന്നു . മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എംബസിയെ സമീപിച്ചിട്ടുണ്ട്.
ബുധൻ രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 8 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വർഷമായി റാസൽഖൈമയിൽ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണിൽ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തു.
പുലർച്ചെ മുറിയിൽ രജീഷിനെ കാണാതിരുന്നതിനാൽ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണു വാഹനത്തിൽ മൃതദേഹം കണ്ടത്. സെയിൽസ് വാഹനത്തിലെ കലക്ഷൻ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്. മൃതദേഹം അജ്മാനിലെ മോർച്ചറിയിലാണ്. ഭാര്യ: സരുണ്യ.
Leave a Reply
You must be logged in to post a comment.