കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ എട്ടുപേര്‍ കൂടി അറസ്റ്റില്‍
തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്കൂൾവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിക്കുകയും ചെയ്ത കേസുകളിൽ കുട്ടിയുടെ പിതാവുൾപ്പെടെ എട്ടുപേരെക്കൂടി അറസ്റ്റുചെയ്തു.
മാട്ടൂലിലെ വീട്ടിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂൽ നോർത്തിലെ ടി.ജിതിൻ(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുടിയാൻമല റിസോർട്ടിൽ നടന്ന പീഡനത്തിൽ പഴയങ്ങാടിയിലെ അബ്ദുൽസമദിനെയും(21) പെൺകുട്ടിയുടെ വാടകവീട്ടിൽ നടന്ന പീഡനത്തിൽ തളിയിൽ ഉറുമി ഹൗസിൽ നിഖിൽ(20), മീത്തൽ ഹൗസിൽ മൃദുൽ(24) എന്നിവരെയും അറസ്റ്റുചെയ്തു.
തളിപ്പറമ്പ് പോലീസ് രജിസ്റ്റർചെയ്ത മറ്റു രണ്ടു പോക്സോ കേസുകളിലായി തളിയിൽ സ്വദേശികളായ ശ്യാംമോഹൻ(25), കെ.സജിൻ(26) എന്നിവരെയും അറസ്റ്റുചെയ്തു. പെൺകുട്ടിയും കുടുംബവും പറശ്ശിനിക്കടവിനു സമീപം വാടകയ്ക്ക് താമസിക്കുമ്പോൾ പീഡിപ്പിച്ചതിനാണ് ശ്യാംമോഹനും സജിനും അറസ്റ്റിലായത്. മറ്റൊരു പീഡനക്കേസിൽ നേരത്തേ പിടിയിലായ സന്ദീപിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.
2017 ഓഗസ്റ്റിനും ഫെബ്രുവരിക്കുമിടയിൽ ആന്തൂരിൽ പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
വളപട്ടണം പോലീസ് അന്വേഷിക്കുന്ന ആറു കേസുകളിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ പ്രതിയാണ്. ആന്തൂരിലെ പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവർത്തകനെതിരേയും വളപട്ടണത്ത് കേസുണ്ട്. പെൺകുട്ടിയുടെ താമസസ്ഥലത്തെത്തി ബലാത്സംഗം ചെയ്തതിനാണ് ഇയാൾക്കെതിരേ കേസ്. കൂട്ടബലാത്സംഗക്കേസിൽ നേരത്തേ അറസ്റ്റിലായ സന്ദീപിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു. പീഡനസമയത്ത് പ്രതികൾ ധരിച്ച വസ്ത്രങ്ങളുൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപ് പെൺകുട്ടിയെ കയറ്റിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
കണ്ണൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് ഒരാൾക്കെതിരേകൂടി കേസ്
കണ്ണൂർ: കണ്ണൂരിൽ സ്കൂൾവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾക്കെതിരേകൂടി കേസെടുത്തു. താളിക്കാവിലെ രാംകുമാർ(28) എന്നയാൾക്കെതിരേയാണ് വനിതാ പോലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്യാൻ പറ്റിയിട്ടില്ല. ഇയാൾ കോയമ്പത്തൂരിലാണുള്ളതെന്നറിയുന്നു. കഴിഞ്ഞ ദിവസം കരിങ്കൽക്കുഴിയിലെ ആദർശ്(19) എന്നയാളെ ഈ കേസിൽ അറസ്റ്റുചെയ്തിരുന്നു. ഇയാൾക്കെതിരേ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
പറശ്ശിനിക്കടവിൽ കൂട്ടബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിൽത്തന്നെയാണ് 16-കാരിയായ ഈ വിദ്യാർഥിനിയും പഠിക്കുന്നത്. പറശ്ശിനിക്കടവിലെ പെൺകുട്ടിയുടെ മൊഴിയിലാണ് ഈ പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടതായറിഞ്ഞത്. ഇതേത്തുടർന്നാണ് വനിതാ പോലീസ് കുട്ടിയിൽനിന്ന് മൊഴിയെടുത്തത്. ഈ കേസിലെ പ്രതികൾക്ക് പറശ്ശിനിക്കടവ് കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Parasinikkadavu rape 8 arrested including father
Leave a Reply
You must be logged in to post a comment.