ജികെഎസ്യു; മെഗാ സമ്മാനം കൊല്ലം സ്വദേശിക്ക് കൈമാറി
കൊച്ചി: കേരളത്തിലെ മാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്സവിലെ (ജികെഎസ്യു) മെഗാ സമ്മാനം ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റ് ചലച്ചിത്ര താരം നിവിന്‍ പോളി കൊല്ലം വടമണ്‍ ചോരനാട് ശ്രീതിലകത്തില്‍ ജി.ചന്ദ്രബാബുവിനു സമ്മാനിച്ചു.
അപകടത്തെ തുടര്‍ന്നു ശരീരം പാതി തളര്‍ന്ന ചന്ദ്രബാബു ചക്രക്കസേരയിലെത്തിയാണ് നിവിന്‍ പോളിയില്‍ നിന്നു ഫ്ലാറ്റിന്റെ താക്കോല്‍ സ്വീകരിച്ചത്. കല്യാണ്‍ ജ്വല്ലേഴ്സാണ് മെഗാ സമ്മാനമായ ഫ്ലാറ്റ് സ്പോണ്സര് ചെയ്തത്.
സമ്മാനദാന ചടങ്ങില്‍, കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്, എക്സിക്യുട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്, മലയാള മനോരമ മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വർടൈസിങ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചാണ്ടി, എംഎംടിവി ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ പി.ആര്.സതീഷ്, ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രന്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ.ഉണ്ണിക്കൃഷ്ണന്, മാതൃഭൂമി ടെലിവിഷന്‍ മീഡിയ സൊല്യൂഷന്‍സ് ഹെഡ് ഫിലിപ് ജോസ്, സൂര്യ ടിവി ആഡ് സെയില്‍സ് മേധാവി സതീഷ് കുമാര്‍ ധന് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ പത്ര, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും ചേര്‍ന്നു സംഘടിപ്പിച്ച പ്രഥമ വ്യാപാരോത്സവമായ ജികെഎസ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെറിയ കടകള്‍ മുതല്‍ വലിയ വാണിജ്യ സ്ഥാപനങ്ങള്‍ വരെ പങ്കാളികളായ മേളയിലൂടെ നാല് കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കിയത്.
മെഗാ സമ്മാനമായ ഫ്ലാറ്റിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിനായി ഭാര്യ ജയശ്രീക്കും മക്കളായ ശ്രീലക്ഷ്മിക്കും ശ്രീഹരിക്കുമൊപ്പമാണ് ചന്ദ്രബാബു എത്തിയത്. ഈ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍, ഇപ്പോള്‍ പുനലൂര്‍ വീട്ട് പുറത്തുപോകാന്‍ സാധിക്കില്ലെന്നുമായിരുന്നു ചന്ദ്രബാബുവിന്റെ പ്രതികരണം.
25 വര്‍ഷം മുന്‍പാണു ചന്ദ്രബാബുവിന്റെ ജീവിതം പാതി തകര്‍ത്ത ദുരന്തമുണ്ടായത്; 1993 ല്‍. ആന്‍ഡമാന്‍ നിക്കോബാറില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് അരയ്ക്കു താഴെ ചലനശേഷി കുറയുകയായിരുന്നു. അതോടെ, ജീവിതം പ്രതിസന്ധിയിലായെങ്കിലും 2008-ല്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ വീണ്ടും ജീവിതം ചലിച്ചു തുടങ്ങുകയായിരുന്നു.
Content Highlights: GKSU Bumber Prize Handover To The Winner


Leave a Reply