ഇ-സിം, ഫെയ്സ്ടൈം; പുതിയ അപ്ഡേറ്റുകള്‍ക്കുമായി ആപ്പിള്‍ ഐഓഎസ് 12.1.1
ഐഫോണ്‍ ടെന്‍ ആര്, ഐഫോണ്‍ ടെന്‍ എസ് ഉള്‍പ്പടെയുള്ള ഐഫോണുകളില്‍ ഐഓഎസ് 12.1.1 അപ്ഡേറ്റ് വന്നുതുടങ്ങി. ഡ്യുവല്‍ സിം സൗകര്യവുമായി ഇ-സിം പിന്തുണ, ഫെയ്സ്ടൈം കോളുകള്‍ക്കിടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ലൈവ് ഫോട്ടോ കാപ്ചര്‍, ഐഫോണ്‍ ടെന്‍ ആറിന് വേണ്ടി നോട്ടിഫിക്കേഷനുകള്‍ കാണുന്നതിനായുള്ള ഹാപ്റ്റിക് ടച്ച് എന്നിവ ഐഓഎസിന്റെ പുതിയ അപ്ഡേറ്റില്‍ ലഭിക്കും.
ആഗോള തലത്തില്‍ കൂടുതല്‍ ടെലികോം ദാതാക്കളില്‍ നിന്നുമുള്ള ഇ-സിം സൗകര്യം ഐഒഎസ് 12.1.1 ല്‍ എത്തും. സ്വിറ്റ്സര്‍ലണ്ടിലെ സ്വിസ് കോം, സ്പെയിനിലെ ഓറഞ്ച്, ഡെന്മാര്ക്ക്, സ്വീഡന് ത്രീ തുടങ്ങിയവ ഇ-സിം സേവനമാരംഭിച്ച സ്ഥാപനങ്ങളില്‍ ചിലതാണ്.
ഐഫോണ്‍ ടെന്‍ ആര് ഉപയോഗിക്കുന്നവര്‍ക്കും ഹാപ്ടിക് ടച്ച് ഫീച്ചര്‍ ഉപയോഗിക്കാന്‍ പുതിയ അപ്ഡേറ്റില്‍ സാധിക്കും. ഇത് ത്രീഡി ടച്ചിന് സമാനമാണ്. നോട്ടിഫിക്കേഷനു മുകളില്‍ ലോങ് ടച്ച് ചെയ്താല്‍ അവിടെ വെച്ചുതന്നെ നോട്ടിഫിക്കേഷന്റെ കൂടുതല്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കും.
ഫെയ്സ്ടൈമില്‍ കൊണ്ടുവന്ന പുതിയ സൗകര്യമാണ് മറ്റൊന്ന്. രണ്ട് പേര് തമ്മില്‍ ഫെയ്സ് ടൈം വഴി സംസാരിക്കുന്നതിനിടെ അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. ലൈവ് ഫോട്ടോസ് എന്നാണ് ഇതിന് പേര്. ഫെയ്സ്ടൈം സെറ്റിങ്സില്‍ അതിനുള്ള ഓപ്ഷനുണ്ടാവും.
ഇത് കൂടാതെ ഫെയ്സ്ടൈം വിന്‍ഡോയ്ക്ക് താഴെയായി ഒരു ഓപ്ഷന് ബാര്‍ കൂടി വരും. ക്യാമറ സ്വിച്ച് ചെയ്യുക, മ്യൂട്ട് ചെയ്യുക, തുടങ്ങിയ ഓപ്ഷനുകള്‍ അതിലുണ്ടാവും. ഫെയ്സ്ടൈമില്‍ മുമ്പുണ്ടായിരുന്ന ത്രീ ഡോട്ട് ബട്ടന് പകരമാണിത്.
ഈ പുതിയ അപ്ഡേറ്റിനൊപ്പം ഇസിജി ആപ്ലിക്കേഷനും അപ്ഡേറ്റ് ചെയ്യും. ഇതനുസരിച്ചുള്ള അപ്ഡേറ്റ് വാച്ച് ഓഎസ് 5.1.2 പതിപ്പിലുമുണ്ടാവും. കൂടാതെ സോഫ്റ്റ് വെയര്‍ പ്രശ്നങ്ങളും പുതിയ അപ്ഡേറ്റില്‍ പരിഹരിക്കപ്പെടും. ഐഓഎസ് അപ്ഡേറ്റ് ചെയ്യാന്‍ സെറ്റിങ്സ്-ജനറല്‍- സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് എന്ന് തിരഞ്ഞെടുത്താല്‍ മതി.
Content Highlights: iphones begun receiving the iOS 12.1.1 update


Leave a Reply