പോക്കറ്റടി എങ്ങനെ എപ്പോള്‍; അറിയാം പോക്കറ്റടിയുടെ കാണാപ്പുറങ്ങള്‍
തലശ്ശേരിയില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസ്സില്‍ കയറിയിരുന്ന് അല്പം കഴിഞ്ഞതേയുള്ളൂ. സീറ്റില്‍ ഇരുവശത്തുമായി രണ്ടുപേര്‍ വന്നിരുന്നു. മുട്ടി ഉരുമ്മിയായിരുന്നു ഇരുത്തം. പക്ഷേ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ട്രൗസറിന്റെ പോക്കറ്റില്‍ കൈയിട്ട് നോക്കുമ്പോള്‍ പണം കാണാനില്ല. നോക്കിയപ്പോള്‍ മടക്കിക്കുത്തിയ മുണ്ടും ട്രൗസറും ബ്ലേഡ് വെച്ച് മുറിച്ചിട്ടുണ്ട്. കീശയില്‍ സൂക്ഷിച്ച പണവും പോയി. ഇരുവരും ഏത് സ്റ്റേഷനില്‍ ഇറങ്ങിയെന്നോ എങ്ങോട്ടു പോയെന്നോ ഓര്‍ക്കുന്നുമില്ല. കോഴിക്കോട്ടേക്ക് മരക്കച്ചവടത്തിനായി പുറപ്പെട്ട തലശ്ശേരിക്കാരനായ കച്ചവടക്കാരന്റെ അനുഭവമാണിത്.
30,000 രൂപയാണ് നഷ്ടപ്പെട്ടത്. നമ്മള്‍ പോലുമറിയാതെ പോക്കറ്റില്‍നിന്നും ബാഗില്‍ നിന്നുമൊക്കെ പണമടിച്ചുമാറ്റുന്നതില്‍ വിരുതന്‍മാരാണ് പോക്കറ്റടിക്കാര്‍.
തിരക്ക് സൃഷ്ടിച്ച് മോഷണം
തീവണ്ടികളില്‍നിന്ന് പോകുന്നത് പ്രധാനകാരണം അശ്രദ്ധയാണ്. ആളുകള്‍ ഒന്നിച്ചിറങ്ങുമ്പോഴും കയറുമ്പോഴും തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന വിരുതന്‍മാരുണ്ട്. സീറ്റുകിട്ടാനുള്ള യുദ്ധത്തിനിടെ യാത്രികര്‍ മറ്റൊന്നും ശ്രദ്ധിക്കില്ല. അതാണ് ഇവര്‍ ഉപയോഗപ്പെടുത്തുക.
സ്ത്രീകള്‍ വാനിറ്റി ബാഗിന്റെ സൈഡിലെ കള്ളിയിലാണ് പേഴ്‌സ് വയ്ക്കുക. അത് ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. പതിവ് യാത്രികരല്ലാത്തവരാണ് പലപ്പോഴും കവര്‍ച്ചയ്ക്കിരയാവുക. ഉറങ്ങുമ്പോള്‍ ബാഗുകള്‍ അടിച്ചുമാറ്റുന്നതും അശ്രദ്ധകൊണ്ടാണ് പലപ്പോഴും സംഭവിക്കുന്നത്. പലപ്പോഴും തീവണ്ടിയുടെ ജനലിനോടുചേര്‍ന്ന് തലവെച്ച് ഉറങ്ങുന്ന ശീലം സ്ത്രീകള്‍ക്കുണ്ട്. ഈ സമയത്താണ് കഴുത്തില്‍നിന്ന് മാല പൊട്ടിച്ചു കൊണ്ടുപോകുന്നത്.
പ്ലാറ്റ്‌ഫോമില്‍നിന്ന് തുടങ്ങുന്നു മോഷണം
രാത്രിമുഴുവന്‍ തീവണ്ടിയില്‍ യാത്രചെയ്തു രാവിലെ റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ദീര്‍ഘദൂര യാത്രികര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിശ്രമമുറിയിലേക്ക് കയറും. അവിടെത്തന്നെയുള്ള പ്ലഗില്‍ ഫോണ്‍ കുത്തിവെച്ച് വസ്ത്രങ്ങള്‍ മാറാനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കുമായി പോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കാന്‍ പോക്കറ്റടി സംഘാംഗങ്ങള്‍ ഉണ്ടാകും. ഫോണിന്റെ കവറുകള്‍ മാത്രമായി വെച്ച് ഫോണുകളുമായി കടന്നുകളയുന്നതാണ് രീതി. സ്ത്രീകളും ഇത്തരം മോഷണസംഘത്തിലുണ്ട്. എ.സി. കോച്ചില്‍ സുരക്ഷിതമാണെന്നാണ് പലയാത്രികരുടേയും ധാരണ. മൊബൈല്‍ഫോണുകള്‍ പലരും ഭക്ഷണം കഴിക്കുന്ന ട്രേയില്‍ ആണ് വയ്ക്കുക. ചിലര്‍ പണമുള്‍പ്പെട്ട പേഴ്സും ആഭരണങ്ങളും ഇതേ ട്രേയില്‍ വയ്ക്കും. രാത്രി കാലങ്ങളില്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിക്കും. പുറത്ത് ഇത് കണ്ടുനില്‍ക്കുന്ന പോക്കറ്റടിക്കാരന്‍ തൊട്ടടുത്ത സ്റ്റേഷനിലുള്ള സംഘാംഗങ്ങള്‍ക്ക് ബോഗിയുടെയും കോച്ചിന്റെയും യാത്രക്കാരന്റെ വേഷമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. അശ്രദ്ധരായിട്ടാണ് യാത്ര ചെയ്യുന്നതെങ്കില്‍ സാധനങ്ങള്‍ നഷ്ടമാവുമെന്നുറപ്പാണ്.
ഇതിനൊപ്പം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നീ പൊതുസ്ഥലങ്ങളില്‍ തീവണ്ടികാത്തും ദീര്‍ഘദൂര ബസ്സുകള്‍ക്ക് വേണ്ടിയും എത്തുന്നവര്‍ ഉറങ്ങുമ്പോള്‍ അവര്‍ക്കടുത്ത് കിടന്നുറങ്ങി പോക്കറ്റടിക്കുന്ന രീതി തുടരുന്നവരുമുണ്ട്. 'മേയാന്‍ പോവുന്നവര്‍'. എന്നാണ് ഇത്തരക്കാരെ വിളിക്കാറ്.
പോക്കറ്റടിക്കും വിവിധ കോഡുകള്‍
പോക്കറ്റടിക്കാര്‍ കെട്ടുകാര്‍, മേക്കോളുകാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നവരാണ്. അഞ്ചുമുതല്‍ പത്ത് വരെയുള്ള സംഘങ്ങള്‍ ഉണ്ട്. ഇവര്‍ തിരക്കുള്ള ബസ്സുകളില്‍ ഒന്നിച്ച് കയറുന്നു. മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാമായി നിന്ന് യാത്രികരെ ശ്രദ്ധിക്കും. പണമുള്ളവര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ലക്ഷ്യംവക്കും. അവരുടെ കോഡുഭാഷ മാത്രമേ ബസ്സില്‍ ഉപയോഗിക്കൂ. മേകോള്‍ അടിക്കുക, എന്ന് പറഞ്ഞാല്‍ പുറമേ കാണുന്ന സാധനങ്ങള്‍ എന്നാണ് ഇവര്‍ അര്‍ഥമാക്കുന്നത്. പണം, പേഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി എളുപ്പം എടുക്കാന്‍ കഴിയുന്ന സാധനങ്ങള്‍ എടുക്കുകയാണ്. അടപ്പ് എടുക്കുകയെന്നതും ഇവരുടെ കോഡ് ഭാഷയാണ്. പാന്റ്സിന്റെയോ ഷര്‍ട്ടിന്റെയോ ബാഗിന്റെയോ പുറത്തേയ്ക്ക് ഉന്തിനില്‍ക്കുന്ന വല്ലതും ഉണ്ടെങ്കില്‍ അവ എടുക്കുന്നതിനാണ് അടപ്പ് എടുക്കുകയെന്ന് പറയുന്നത്. അടിക്കോള്‍, വിളിമാല്‍ എന്നെല്ലാം ഇതിന് പേരുകളുണ്ട്. പൊതുവേ എല്ലാ പോക്കറ്റടികള്‍ക്കും മത്തി വാങ്ങിക്കുകയെന്ന് പറയും.
മട്ടാഞ്ചേരി, കൊച്ചി ഭാഗങ്ങളില്‍നിന്ന് എത്തുന്ന സ്ഥിരം പോക്കറ്റടിക്കാരുണ്ട്. ഇവരില്‍ പലരും കോഴിക്കോട് നഗരത്തില്‍ എത്തി വന്‍ തുകയും ആഭരണങ്ങളും കവര്‍ന്നുകൊണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവര്‍ തീവണ്ടികളിലും ബസ്സുകളിലും നിശ്ചിതദൂരത്തേയ്ക്ക് ടിക്കറ്റെടുക്കുകയും യാത്രികരെ നിരീക്ഷിക്കുകയും ചെയ്യും. പിന്നീട് ഇവര്‍ തങ്ങളുടെ ഇരകളെ ലക്ഷ്യമിടുന്നു.
പോക്കറ്റടി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കല്‍
ട്രഷറികള്‍, ബാങ്കുകള്‍, മലഞ്ചരക്ക് കടകള്‍, വന്‍വ്യാപാരസ്ഥാപനങ്ങള്‍, റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്കു സമീപമാണ് സാധാരണ പോക്കറ്റടിക്കാര്‍ കേന്ദ്രീകരിക്കാറുള്ളത്. ഉല്‍സവസീസണില്‍ തിരക്കുള്ളസമയം നടന്നു പോകുമ്പോള്‍ സ്വര്‍ണമാല ഉള്‍പ്പെടെയുള്ളവ എടുത്തുപോവുക ബാഗിന്റെ സിബ്ബ് തുറക്കുക എന്നിവ സ്ഥിരം രീതിയാണ്.
പോക്കറ്റടിക്കാര്‍ നഖത്തിനുള്ളില്‍ ബ്ലേഡ് വയ്ക്കും
ബാഗും വസ്ത്രങ്ങളും മുറിച്ചെടുത്ത് അതിവേഗത്തിലാണ് ഇവര്‍ സാധനങ്ങള്‍ കവരുന്നത്. നഖത്തിനുള്ളില്‍ മൂര്‍ച്ചേറിയ ബ്ലേഡ് വെച്ചാണ് ഇത് ചെയ്യുന്നത്. ബാഗിനുള്ളിലെ ആഭരണങ്ങള്‍ പോലും ഇത്തരത്തില്‍ കവര്‍ന്നിട്ടുണ്ട്.
പണവും ആഭരണങ്ങളും ഉള്ളവരുടെ ലക്ഷണങ്ങളുടെ നിരീക്ഷണം
തിരക്കിനിടയില്‍ കീശയില്‍നിന്ന് പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന പൈസ എടുക്കുകയെന്നതും മറ്റൊരു രീതിയാണ്. കൂടുതല്‍ പണം ഉണ്ടെങ്കില്‍ കീശയില്‍ നിന്ന് കുറച്ചുമാത്രം എടുക്കും. അങ്ങനെ വരുമ്പോള്‍ അത് ഉടമ അറിയുകയുമില്ല.
പണം ഉണ്ട് എന്ന് സംശയംതോന്നുന്നവരെ പോക്കറ്റടിക്കാര്‍ ശ്രദ്ധിക്കും
ഇടയ്ക്കിടയ്ക്ക് കീശ നോക്കിക്കൊണ്ടിരിക്കുക, തൊട്ടുനോക്കുക, മറ്റ് സഹയാത്രികര്‍ ഇത് കാണുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക എന്നിവയെല്ലാം ഇവരുടെ രീതിയാണ്.
നിരീക്ഷണത്തിനും സംഘാംഗങ്ങള്‍
പെന്‍ഷന്‍കാര്‍, ശമ്പളം വാങ്ങി വരുന്നവര്‍, ആഭരണങ്ങളുമായി കൊണ്ടുപോകുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ട് ട്രഷറികള്‍, ബാങ്കുകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്ക് സമീപം നിരീക്ഷണത്തിന് നില്‍ക്കുന്ന സംഘങ്ങളുമുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ മുഖേന ആളുകളെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പരസ്പരം സംഘാംഗങ്ങള്‍ക്ക് കൈമാറും. പണവും ആഭരണങ്ങളുമായി പോകുന്ന ബസ്സുകള്‍, തീവണ്ടി എന്നിവയെല്ലാം ഇത്തരക്കാര്‍ മനസ്സിലാക്കും. തരംകിട്ടുമ്പോള്‍ അടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉടമസ്ഥരെ ഇവര്‍ പിന്തുടരും.
പോക്കറ്റടിക്കാര്‍ ഭൂരിഭാഗവും ലഹരി ഉപയോഗിക്കുന്നവര്‍
പോക്കറ്റടിക്കാര്‍ ഭൂരിഭാഗവും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവര്‍ ആഡംബരജീവിതത്തിനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് പണം അധികവും ഉപയോഗിക്കുക. പരാതി കിട്ടി പോലീസ് ഇത്തരക്കാരെ പിടികൂടുമ്പോഴേയ്ക്കും പണം ചെലവഴിച്ച് കഴിഞ്ഞിരിക്കും.
സ്ത്രീകളും മോഷണത്തിന്
മകള്‍ക്കൊപ്പം പരീക്ഷയ്ക്ക് കോഴിക്കോട്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ വീട്ടമ്മയുടെ പണം പണം കവര്‍ന്നത് ഒരു തിരൂരുകാരിയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ഇവര്‍ നേരേ വിശ്രമമുറിയിലേക്ക് പോയി. പിന്നാലെ തിരൂര്‍ സ്വദേശിനിയും കയറി. വിദ്യാര്‍ഥിനി ബാഗും ഫയലുകളും മറ്റും അവിടെ വച്ചു. ഒന്ന് ബാത്ത് റൂമിലേക്ക് പോയിവരട്ടെയെന്നും പറഞ്ഞ് വിദ്യാര്‍ഥിനിയും അമ്മയും കൂടി ഇവയെല്ലാം ഈ സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ചു രണ്ട് മൊബൈല്‍ ഫോണുകളും ഇരുവരും അവിടെ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുകയുംചെയ്തു. രണ്ട് ഫോണും എടുത്ത് സ്ത്രീ സ്ഥലം വിട്ടു. ഇരുവരും തിരിച്ചു വന്നപ്പോഴാണ് നഷ്ടപ്പെട്ടത് മനസ്സിലായത്. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ സ്ത്രീയെയും പോലീസ് മനസ്സിലാക്കി. സ്ത്രീ ഈ രണ്ട് ഫോണുകളും മഞ്ചേരി ഒരു കടയില്‍ വില്‍ക്കാന്‍ ശ്രമം നടത്തി. കടക്കാരന്‍ ഫോണ്‍ പരിശോധിച്ചു. അവസാനമായി ഈ ഫോണില്‍നിന്ന് പുറത്തേയ്ക്കുവിളിച്ച നമ്പറില്‍ വിളിച്ചുനോക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഒരു ബന്ധുവിന്റെ ഫോണായിരുന്നു അത്. ഉടന്‍ ഈ ഫോണ്‍ മോഷണം പോയ വിവരം കടക്കാരനോട് പറഞ്ഞു. ബന്ധു ഫോണ്‍ വന്ന വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. ഈ നമ്പര്‍ കിട്ടിയ ഉടന്‍ പോലീസുകാര്‍ കടക്കാരനോട് പറഞ്ഞു പൈസ ഇപ്പോള്‍ ഇല്ല എന്ന് സ്ത്രീയോട് പറയാന്‍ പറഞ്ഞു. അങ്ങനെ ടൗണില്‍ വിറ്റുകൊളൂ എന്ന് പറഞ്ഞു. റഫീഖ് എന്ന ഒരാള്‍ക്ക് ഈ സാധനം ആവശ്യമുണ്ടെന്നും അദ്ദേഹത്തിന് കൊടുത്താല്‍ മതിയെന്നും കടക്കാരന്‍ പറഞ്ഞു. ഇത് പോലീസുകാര്‍ ഒരുക്കിയ കെണിയാണെന്നും റഫീഖ് റെയില്‍വേ പോലീസുകാരനാണെന്നും സ്ത്രീക്ക് അറിയില്ലായിരുന്നു. പോലീസുകാരന്‍ വനിതാപോലീസിനെയും ഒപ്പംകൂട്ടി സ്ത്രീയെ കസ്റ്റഡിയിലെത്തു.
മദ്രാസില്‍ നിന്ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ നാലംഗസംഘത്തിനും ഇങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ വിശ്രമമുറിയിലേക്ക് പോവുന്നത് നിരീക്ഷിച്ചുനിന്ന യുവാവാണ് ഫോണുകള്‍ കൈക്കലാക്കിയത്.
Content Highlight: How/when does a pickpocket work?


Leave a Reply