പെര്‍ത്ത് പിച്ചിന് എന്താണ് കുഴപ്പം; ട്വിറ്ററില്‍ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോര്
പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന പെര്‍ത്തിലെ പിച്ചിന് ശരാശരി റേറ്റിങ് നല്‍കിയ ഐ.സി.സിയുടെ നടപടിക്കെതിരേ മുന്‍ ക്രിക്കറ്റ് താരങ്ങളായ മിച്ചല്‍ ജോണ്‍സണും മൈക്കല്‍ വോണും രംഗത്ത്.
ഐ.സി.സി മാച്ച് റഫറി രഞ്ജൻ മദുഗലെ ഇന്ത്യന്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് മുന്നോടിയായി തയ്യാറാക്കിയ പിച്ച് റിപ്പോര്‍ട്ടിലാണ് പേസിന് അനൂകൂലമെന്ന് കൊട്ടിഗ്ഘോഷിച്ച പിച്ചിന് ശരാശരി മാര്‍ക്ക് നല്‍കിയിരുന്നത്. പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ചതില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.
നേരത്തെ ഒന്നാം ടെസ്റ്റ് നടന്ന അഡ്‌ലെയ്ഡിലെ പിച്ചിന് മികച്ച റേറ്റിങ് ലഭിച്ചപ്പോഴാണ് പെര്‍ത്ത് പിച്ച് ശരാശരിയില്‍ ഒതുങ്ങിയത്. അപ്രതീക്ഷിത ബൗണ്‍സാണ് പെര്‍ത്ത് പിച്ചിന്റെ റേറ്റിങ്ങിനെ ബാധിച്ചത്. മത്സരത്തിനിടെ പലപ്പോഴും പന്തുകള്‍ അപ്രതീക്ഷിതമായി കുത്തിയുയരുകയും വളരെ താഴ്ന്ന് കടന്നു പോകുകയും ചെയ്തിരുന്നു.
എന്നാല്‍ പിച്ചിന് അപാകതയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സന്റെ അഭിപ്രായം. പിച്ചില്‍ നടന്ന മത്സരം ആവേശകരമായിരുന്നു. ബാറ്റും ബോളും തമ്മിലുള്ള മികച്ച മത്സരം തന്നെയാണ് അവിടെ നടന്നത്. നിര്‍ജീവായ ഫ്ലാറ്റ് പിച്ചുകളില്‍ നിന്നുള്ള ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നും ജോണ്‍സണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഐ.സി.സിയുടെ തീരുമാനത്തെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും വിമര്‍ശിച്ചു. പെര്‍ത്തിലേത് മികച്ച പിച്ചായിരുന്നുവെന്നും ഇത്തരത്തിലുള്ളവ ഇനിയും ഒരുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.സി.സിയുടെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ജോണ്‍സണും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
Content Highlights: mitchell johnson michael vaughan slam icc average rating for perth pitch


Leave a Reply