തൃശൂര്‍ മലാക്കയിൽ വീടു കത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയും ചെയ്തു. ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു (36), മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതോടൊപ്പം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. മരിച്ച കുട്ടികൾ കിടപ്പുമുറിയിൽ ഉറക്കത്തിലായിരുന്നു. ഈ മുറിയിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നു. ഡാൻഡേഴ്സ് ജോ ഈ സമയം മുറ്റത്ത് കാർ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും. രക്ഷപെട്ട മൂത്തമകൾ സലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നപ്പോൾ ഡാൻഡേഴ്സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേയ്ക്കും തീ ആളിപ്പടർന്നതിനാൽ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല. ഇവർ കിടന്ന മുറിയിൽനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.
വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേയ്ക്കും വീട് പൂർണമായി നശിച്ചിരുന്നു. ഡാൻഡേഴ്സ് ജോ ബിസിനസുകാരനാണ്. സലസ് നിയയും മരിച്ച ഡാൻഫിലീസും കുറ്റുമുക്ക് സാന്ദീപിനി സ്‌കൂൾ വിദ്യാർഥികളാണ്.


Leave a Reply